1. ഫിന്റർനെറ്റ് (FINTERNET) എന്ന നവ സാങ്കേതികവിദ്യ
തൊണ്ണൂറുകളുടെ തുടക്കത്തിൽ വിവര സാങ്കേതികവിദ്യാരംഗത്തെ ഗവേഷണ മുന്നേറ്റത്തിൽ നിന്ന് ലോകത്തിനു പുതുമയായി വന്ന ആശയമാണ് "ഇന്റർനെറ്റ്".
ലോകത്തിൽ എവിടെ നിന്നും ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് മറ്റൊരു കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ സുരക്ഷിതമായി കൈമാറാം എന്ന അടിസ്ഥാന വിവര-സാങ്കേതികവിദ്യ ഒരു സാമൂഹ്യ-വ്യാവസായിക വിപ്ലവം കൈവരിക്കുവാൻ അടിത്തറയായി.
ഇന്റർനെറ്റ് പോലെ വിപ്ലവകരമായ ആശയത്തിന്റെ അടുത്ത പതിപ്പാണ് "ഫിന്റർനെറ്റ്" എന്ന ആശയം.
ലോകത്തിൽ ആർക്കും മൂല്യമുള്ള എന്തും, ഏതു അളവയിലും, മറ്റൊരാൾക്ക് "ഡിജിറ്റൽ ടോക്കൺ" രൂപത്തിൽ കൈമാറുവാനുള്ള സാങ്കേതിക വിദ്യയാണ് ഫിന്റർനെറ്റ്.
ഭാരതത്തിനായി ആധാർ, യുപിഐ, ഡിജിലോക്കർ, ഡിജിയാത്ര, ജിസ്ടി എന്നി ബ്രഹത്പദ്ധതികൾക്കായി നേതൃത്വം വഹിച്ച നന്ദൻ നിലേകനി - മലയാളിയായ പ്രമോദ് വർമ്മ കൂട്ടുകെട്ടാണ് ഈ സാങ്കേതികവിദ്യയുടെ സൃഷ്ടാക്കൾ.
2. ഫിന്റർനെറ്റും കേരള പാലിയേറ്റീവ് ഗ്രിഡും
ഒന്നേമുക്കാൽ ലക്ഷം കിടപ്പുരോഗികളെ വീടുകളിൽ ആരോഗ്യ പരിപാലനം ലഭ്യമാക്കുന്ന കേരള പാലിയേറ്റീവ് ഗ്രിഡിന് പിന്നിൽ ആയിരക്കണക്കിന് സ്വതന്ത്ര സോഫ്റ്റ്‌വെയർ തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ഉണ്ട്.
സന്നദ്ധ പ്രവർത്തകരുടെ ലോകനന്മയിലൂന്നിയ സാമൂഹ്യ സേവനങ്ങൾ സാമൂഹ്യ മൂല്യം സൃഷ്ടിക്കുമ്പോഴും സാമ്പത്തിക കാഴ്ചപ്പാടിൽ ഈ മൂല്യം ഒരു കണക്കു പുസ്തകത്തിലും രേഘപെടുത്താതെ മാഞ്ഞു പോകുന്നു.
മനുഷ്യാധ്വാനമാണ് മൂല്യത്തിന്റെ ആധാരം എന്ന മാർക്സിസ്റ്റ് തൊഴിൽ തത്വത്തിന് ഫിന്റർനെറ്റ് സാങ്കേതിക വിദ്യയുടെ പരിണാമത്താൽ ലഭിക്കുന്ന പരിവേഷമാണ് “സാമൂഹ്യ മൂല്യമടങ്ങിയ ഡിജിറ്റൽ ടോക്കൺ".
കേരള പാലിയേറ്റീവ് ഗ്രിഡിൽ നിർമാണത്തിനായി തൊഴിൽ എടുക്കുന്ന ഏവർക്കും അവരവർ ചെയ്ത അധ്വാനത്തിന് അനുപാതമായി "ഡിജിറ്റൽ ടോക്കൺ" ലഭ്യമാക്കും വഴി “സമൂഹ്യ മൂല്യം” കണക്കുകളിൽ രേഘപെടുത്തുവാനും മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്യുവാൻ സാധിക്കുന്ന ഡിജിറ്റൽ രൂപഭാവത്തിലേക്കു എത്തുന്നു.
ടോക്കൺ വിപണി
വിഷമയമായ കാർബൺ പുറപ്പെടിപ്പിക്കുന്ന വ്യവസായങ്ങൾ എങ്ങനെ വനങ്ങൾ നട്ടു പിടിപ്പിക്കുന്നവരിൽ നിന്ന് "കാർബൺ ക്രെഡിറ്റ്" പണം കൊടുത്തു വാങ്ങുന്നുവോ, അത് പോലെ സാമൂഹ്യ-ജീവ കാരുണ്യ പ്രവർത്തികൾക്കായി ധനം വിനയോഗിക്കുന്ന ലോകത്തിൽ ആർക്കുവേണമെങ്കിലും സാമൂഹ്യ മൂല്യം രേഖപ്പെടുത്തിയ ഈ "ഡിജിറ്റൽ ടോക്കൺ" പണം കൊടുത്തു വാങ്ങാം.
ഇപ്പോൾ നാലു ലക്ഷം കോടി രൂപയിൽ നിൽക്കുന്ന അന്താരാഷ്ട്ര ടോക്കൺ വിപണിയിലേക്ക് “സാമൂഹ്യ മൂല്യമടങ്ങിയ ഡിജിറ്റൽ ടോക്കൺ” വിൽക്കുക വഴി ആയിരകണക്കിന് തൊഴിലാളികൾക്ക് ഒരു ചെറിയ വരുമാനവും ഒരു പഞ്ചായത്തിന് അവരുടെ നാട്ടിലെ ആംബുലൻസ്, വീൽ ചെയർ, മരുന്നുകൾ എന്നിവ വാങ്ങുവാൻ സഹായധനവും ലഭ്യമാകുന്നു.
ഉതകുന്ന നിയമ വ്യവസ്ഥ
ഡിജിറ്റൽ ടോക്കൺ അടിസ്ഥാനമാക്കി ഇങ്ങനെ ഒരു ആശയം നടപ്പിലാക്കുവാൻ ഉതകുന്ന നിയമ വ്യവസ്ഥിതി അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകൾക്കായി ഭാരത സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഗുജറാത്തിലെ "**ഗിഫ്റ്റ് സിറ്റി"**യിലെ പ്രതേക സാമ്പത്തിക മേഖലയിൽ രൂപപ്പെട്ടു വരികയാണ്.
അന്തർദേശിയ തലത്തിൽ അമേരിക്ക, സ്വിറ്റ്സർലൻഡ്, ദുബായ്, ബ്രിട്ടൻ, സിങ്കപ്പൂർ എന്നീ രാജ്യങ്ങൾ ആണ് ഇന്ന് മുന്നിൽ.
3. നവകേരളനിർമിതിക്കായി കേരള ഫിന്റർനെറ്റ് ലാബ്
ലോകത്തിൽ ഓരോ ദശാബ്ദത്തിലും സാങ്കേതിക വിദ്യ വളരുന്നതനുസരിച്ചു കേരളവും ഓരോ ഘട്ടത്തിലും രാജ്യത്തിന് തന്നെ മാതൃകയായി തൊണ്ണൂറുകളിൽ ടെക്നോപാർക്കും, രണ്ടായിരങ്ങളിൽ ഐടി മിഷനും, അത് കഴിഞ്ഞു സ്റ്റാർട്ടപ്പ് മിഷനും പടുത്തുയർത്തിയത്.
ഫിന്റർനെറ്റ് എന്ന ആഗോള സാമ്പത്തിക-സാങ്കേതിക വിദ്യയുടെ വികസനവും അതുവഴി വിജ്ഞാനാധിഷ്ഠിതമായ നവകേരള സൃഷ്ടിക്കായി "കേരള ഫിന്റർനെറ്റ് പരീക്ഷണശാല" അഥവാ "Kerala Finternet Lab" എന്ന നാമത്തിൽ സ്ഥാപികമാകുവാൻ സാങ്കേതിക പിന്തുണ പ്രമോദ് വർമ്മ അറിയിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭ, ഗിഫ്റ് സിറ്റി, കേരള ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, പ്രമോദ് വർമ, സ്വതന്ത്ര സോഫ്റ്റ്‌വെയർ നിർമാതാക്കൾ എന്നിവരുമായി ചേർന്ന് ഇന്ത്യയിൽ ആദ്യമായി ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തി വിജയപാതയിൽ എത്തിക്കുന്നതായിരിക്കും ഈ പ്രസ്ഥാനത്തിന്റെ ദൗത്യം.
ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സർവകലാശാല, അമേരിക്കയിലെ ന്യൂയോർക്, ബ്രസീലിലെ സംപൗളോ, ജർമനിയിലെ ഫ്രങ്ക്ഫർട്ട് എന്നീ വിശ്വനഗരങ്ങൾ കഴിഞ്ഞാൽ ഭാരതത്തിന് മുതൽക്കൂട്ടാകും കേരള ഫിന്റർനെറ്റ് ലാബ്.
പ്രാരംഭഘട്ടമായതിനാൽ സാമ്പത്തികമായ ബാധ്യകളില്ലാതെ ഒരു ഭരണാനുമതിയിലൂടെ ഈ പ്രസ്ഥാനം നിലവിൽ വരും.
4. ഒരു പ്രാരംഭചർച്ച
“കേരള ഫിന്റർനെറ്റ് ലാബ്” എന്ന ഈ നവപ്രസ്ഥാനം എങ്ങനെ നിർമിക്കാം, നവകേരള നിർമിതിക്കായി ഒരു നവ വഴി എങ്ങനെ തുറക്കാം എന്ന ആശയങ്ങൾ അവതരിപ്പിക്കുവാൻ ബഹുമാനപെട്ട മുഖ്യമന്ത്രിയുടെ സമയം വിനീതമായി അഭ്യർത്ഥിക്കുന്നു.